സാമന്ത റൂത്ത് പ്രഭു നായികയായെത്തിയ പുതിയ ചിത്രമാണ് മാ ഇന്റി ബംഗാരം. ബി.വി.നന്ദിനി റെഡ്ഢിയാണ് ഈ ആക്ഷന്‍ കോമഡി ചിത്രം സംവിധാനം ചെയ്തത്. സാമന്തയുടെ ത്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറില്‍ സാമന്തയും രാജ് നിദിമോരുവും ഹിമങ്ക് റെഡ്ഢിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
സിനിമയുടെ ചിത്രീകരണ വേളയിലാണ് സാമന്ത ഗര്‍ഭിണിയാണെന്ന് അറിയുന്നത്. എന്നാലും സിനിമയിലെ സങ്കീര്‍ണമായ രംഗങ്ങള്‍ ചെയ്യാന്‍ അവര്‍ മടിച്ചില്ലെന്നു പറയുകയാണ് സംവിധായിക നന്ദിനി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായികയുടെ പ്രതികരണം.
മാ ഇന്റി ബംഗാരത്തിലെ ഹിറ്റായി മാറിയ, കല്യാണ പശ്ചാത്തലത്തിലുള്ള തസദിയ...എന്ന ഹൈ എനർജി പാട്ടിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത ഗർഭിണിയാണെന്ന വിവരം അപ്രതീക്ഷിതമായി അറിയുന്നത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി.ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തോട് അടുത്തിരുന്ന സമയമായിരുന്നു അത്.
രാവിലെ അവൾക്ക് സുഖമില്ല എന്ന് മാത്രമാണ് ആദ്യം എന്നോട് പറഞ്ഞത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. പ്രയാസമുള്ള നൃത്തച്ചുവടുകൾ ഉള്ളതായിരുന്നു ഗാനം. കൂടാതെ ഒരു കാർ ചേസിംഗ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. നടി തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു- നന്ദിനി വ്യക്തമാക്കി.